കാട്ടാക്കട : പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്ന കിള്ളിച്ചിറ (കുളം) നാശത്തിലേക്ക്. 50 സെന്റ് വരുന്ന ചിറ ലക്ഷങ്ങൾ മുടക്കി രണ്ടുവർഷം മുമ്പ് നവീകരിച്ചിരുന്നു. നവീകരണത്തിനുശേഷം സംരക്ഷണം ഇല്ലാത്തതിനാൽ മാലിന്യവും ചെളിയും പായലും നിറഞ്ഞ് നശിക്കുന്ന അവസ്ഥയിലായി.
ചെറിയ തോടുകൾ വഴി ചിറയിലേക്ക് വലിയതോതിൽ മാലിന്യം എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ശു ചിമുറി മാലിന്യവും രാസലായിനികൾ ഉൾപ്പെടെയുള്ള വെള്ളവും ചിറയിലേക്ക് ഒഴുകിയെത്തിയതോടെ കുളത്തിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ചത്തുപൊങ്ങി. ഇതോടെ കുളത്തിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായി.
തുടർന്നു നാട്ടുകാർ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വേനലിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ജനങ്ങളുടെ ആശ്രയമായിരുന്ന ശുദ്ധജലസ്രോതസാണ് ഉപേക്ഷിക്കപ്പെട്ടനിലയിലുള്ളത്. കുളം നവീകരിക്കാൻ എങ്കിലും ഫണ്ട് അനുവദിക്കണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു. ഒരു ഫലവും ഇല്ല. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ കൊണ്ട് കുളങ്ങൾ നവീകരിക്കാൻ എങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അതും ചെവികൊണ്ടില്ല.
സ്വകാര്യഭൂമികൾ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കാർ പഞ്ചായത്ത് വക കുളങ്ങളെ മറന്നെന്നും ആക്ഷേ പമുണ്ട്. ഫലം കുടിവെള്ളത്തിനായി വെള്ളമുള്ളപ്പോൾ തന്നെ പരക്കം പായുന്ന അവസ്ഥ. കുളങ്ങൾ പുനരുദ്ധരിച്ചാൽ സമീപത്തുള്ള ജലസ്രോതസുകൾ പുഷ്ടിപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല.